ഭൂമിയിലൂടെ നടക്കുന്ന വിശുദ്ധ വേദം

പുണ്യ പ്രവാചകന്റെ ജനനം കൊണ്ട് അനുഗ്രഹീതവും മരണം കൊണ്ട് ദുഃഖസാന്ദ്രവുമായ ഒരുമാസം,റബീഉല്‍ അവ്വൽ. പ്രവാചക അദ്ധ്യാപനങ്ങള്‍ പരമാവധി ജീവിതത്തില്‍ പകര്‍ത്താന്‍ ഈ മാസത്തില്‍ നാം പ്രതിജ്ഞ എടുക്കുക.

പ്രവാചകന്‍ ഉത്തമ സ്വഭാവങ്ങളുടെ വിളനിലം. ഭൂമിയിലൂടെ നടക്കുന്ന വിശുദ്ധവേദം പ്രബോധനം ചെയ്യുന്ന ആദർശത്തിന്റെ മഹിമപോലെ പ്രധാനമാണ് പ്രബോധകന്റെ ജീവിത വിശുദ്ധി. ലോകത്ത് വന്ന എല്ലാ പ്രവാചകന്മാരും ഇക്കാര്യത്തില്‍ മഹനീയ മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ടാണ് കടന്നുപോയത്‌. അന്ത്യ പ്രവാചകനില്‍ നിങ്ങൾക്ക് മഹനീയ മാതൃക ഉണ്ടെന്നു ഖുര്‍ ആന്‍ പറയുന്നു (അഹ്സാബ് ; 21). അന്ത്യ പ്രവാചകന്റെ വിശുദ്ധ സ്വഭാവത്തെ ആരെല്ലാമാണ് സാക്ഷ്യപ്പെടുത്തുന്നത് എന്ന് പരിശോധിക്കാം; വിശുദ്ധ ഖുർആനിന്റെ സാക്ഷ്യം; നിശ്ചയം നീ മഹത്തായ സ്വഭാവത്തിനുടമയാകുന്നു (അല്‍ ഖലം 5. സമൂഹത്തോട്‌ മാന്യമായി താങ്കൾക്കു പെരുമാറാന്‍ കഴിഞ്ഞത് അല്ലാഹുവിന്റെു കാരുണ്യം ഒന്നുകൊണ്ടു മാത്രമായിരുന്നെന്ന് ഖുര്‍ ആന്‍ ഓർമ്മപ്പെടുത്തുന്നതു കാണാം (ആല്‍ ഇംറാന്‍ 159). തിരുമേനിയുടെ സ്വയം സാക്ഷ്യം; തീർച്ചയായും ഞാന്‍ നിയുക്തനായിരിക്കുന്നത് ഉത്തമ സ്വഭാവങ്ങളുടെ പൂർത്തീകരണത്തിനു വേണ്ടിയാകുന്നു (അല്‍ മുസ്നദ). ഭാര്യമാരുടെ സാക്ഷ്യം; തിരുമേനിയുടെ പത്നിമാരില്‍ ഒരാളായ മഹതി ആയിഷ (റ) പറയുന്നു; അവിടുന്ന് തന്റെ ഭാര്യമാരെയോ വേലക്കാരെയോ ഒരിക്കലും അടിച്ചിട്ടില്ല. സഅദ ബിന്‍ ഹിഷാം (റ) റിപ്പോർട്ടു ചെയ്യുന്നു; റസൂലിന്റെ സ്വഭാവത്തെക്കുറിച്ച് ആയിഷ (റ) ചോദിക്കപ്പെട്ടു. അവര്‍ ചോദിച്ചു; നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യാറില്ലേ?ആ ഖുർആൻ തന്നെയായിരുന്നു റസൂലിന്റെ സ്വഭാവം. സേവകരുടെ സാക്ഷ്യം; നീണ്ട പത്തുവർഷക്കാലം തിരുമേനിക്ക് സേവനങ്ങള്‍ ചെയ്തു കൊടുത്ത അനസ്‌ (റ)പറയുന്നു; ഈ പത്ത് വർഷകക്കാലത്തിനിടക്ക് ഒരിക്കലും റസൂല്‍ എന്നെ പ്രയാസപ്പെടുത്തിയിട്ടില്ല. ഞാന്‍ ചെയ്ത ഒരു കാര്യത്തെക്കുറിച്ച് എന്തിനു നീ അതു ചെയ്തെന്നോ ചെയ്യാത്ത കാര്യത്തെപ്പറ്റി എന്തുകൊണ്ട് അതു നീ ചെയ്തില്ല എന്നോ റസൂല്‍ ചോദിച്ചിട്ടില്ല! സ്വഹാബികളുടെ സാക്ഷ്യം; ബറാഅ (റ)പറയുന്നു; ജനങ്ങളില്‍ ഉത്തമ സ്വാഭാവി ആയിരുന്നു റസൂൽ. മിതഭാഷി ആയിരുന്നു അദ്ദേഹം. അബ്ദുല്ലാഹിബിന്‍ അംറ് (റ) പറയുന്നു; മുന്‍ ഗ്രന്ഥങ്ങളില്‍ റസൂലിന്റെ മഹിമകള്‍ വിശദീകരിക്കപ്പെട്ടത് ഞാന്‍ കണ്ടു. പരുക്കന്‍ സ്വഭാവിയോ കഠിനഹൃദയനോ ആയിരുന്നില്ല അദ്ദേഹം. അങ്ങാടികളില്‍ അനാവശ്യമായി ഇടപെടുന്നവനുമായിരുന്നില്ല. തിന്മയെ തിന്മ കൊണ്ട് പ്രതിരോധിക്കുന്നവനും ആയിരുന്നില്ല. ശത്രുക്കളുടെ സാക്ഷ്യം; ഹിർഖല്‍ രാജാവിന്റെ സന്നിധിയിലേക്ക് ഇസ്ലാമിക സന്ദേശവുമായി തന്റെ പ്രതിനിധിയെ റസൂല്‍ അയച്ച സംഭവം സുവിദിതമാണ്. ആ സമയം തന്റെ സമീപത്തുണ്ടായിരുന്ന അബൂസുഫുയാനോടു റസൂലിനെപ്പറ്റി ഹിർഖല്‍ ചോദിക്കുന്നു; അദ്ദേഹം കളവു പറഞ്ഞതായി നിങ്ങൾക്ക് പരിചയമുണ്ടോ? അബൂസുഫ്‌; ഇല്ല. വഞ്ചന നടത്തിയതായോ? അബൂസുഫ്‌; ഒരിക്കലുമില്ല. ഇങ്ങനെ റസൂലിന്റെ സ്വഭാവ വൈശിഷ്ട്യത്തെ എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു

Comments

Popular posts from this blog

ആരാണ് മസ്ജിടുകളില്‍ സംഘടനയുടെ വേലികള്‍ തീര്‍ക്കുന്നത്?

കുടുംബം